തെക്കിൻ്റെ കാശ്മീർ എന്നറിയപ്പെടുന്ന , മുതിരപ്പുഴ, നല്ല തണ്ണി, കുണ്ടള എന്നീ മൂന്ന് ആറുകളുടെ സംഗമസ്ഥാനം,, മൂന്നാർ..... മഞ്ഞണിഞ്ഞ് വെള്ള പുതച്ച മലനിരകളും,, നട്ടുച്ചയ്ക്കു പോലും കാഴ്ച മറയ്ക്കുന്ന കനത്ത മൂടൽ മഞ്ഞും,, ഐസു പോലുറഞ്ഞ വെള്ളവും മരം കോച്ചും തണുപ്പും തുടങ്ങിയ മൂന്ന് പതിറ്റാണ്ടു മുൻപത്തെ മൂന്നാർ യാത്രയുടെ കുളിരിലാണ് വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു യാത്ര പ്ലാൻ ചെയ്തത്. എന്നാൽ ആർദ്രമായ ഓർമകളെല്ലാം അന്യമായ എന്നാൽ അനന്യമായ അനുഭവങ്ങൾ,, അവിസ്മരണീയ വിസ്മയക്കാഴ്ചകൾ ആഴത്തിൽ പതിഞ്ഞ രണ്ട് ദിനങ്ങൾ ആണ് ഇത്തവണ മൂന്നാർ സമ്മാനിച്ചത്.......
വളഞ്ഞു പുളഞ്ഞ് മാമലകൾക്കരഞ്ഞാണം തീർത്ത വീതി കുറഞ്ഞ റോഡ്, കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും , അവധി ദിനങ്ങളിലെ സന്ദർശകരുടെ കുത്തൊഴുക്കും മൂലം പല തവണ പല രൂപത്തിൽ പേടിപ്പിച്ചാണ് അവസാനം "ബേബി വില്ല 'യിലേക്ക് ഞങ്ങളെ എത്തിച്ചത്...
' ബ്രേക്കിട്ട്, വളയം തൊടില്ലെന്ന് ദൃഢനിശ്ചയമെടുത്ത് കീഴടങ്ങിയ ഡ്രൈവർക്ക് പകരം പുതിയ ഡ്രൈവർ കം ഗൈഡ് ആയി എത്തിയ അബിൻ അധികം താമസിയാതെ കുടുംബാംഗമായി മാറിയപ്പോൾ ആകുലതകളില്ലാതെ,, ആശങ്കകളില്ലാതെ മൂന്നാറിൻ്റെ ദൃശ്യ സൗന്ദര്യം മനസിൻ്റെ കാൻവാസിൽ മഴവില്ലഴക് പോലെ മിഴിവുറ്റതായി .......
ചിത്തിരപുരം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്, ഇംഗ്ലീഷ് അധിനിവേശത്തിൻ്റെ അവശേഷിപ്പുകളിലൊന്നായ 1910 ൽ നിർമിതമായ സി എസ് ഐ ചർച്ച്, സെമിത്തേരി,
ഇരവികുളം നാഷണൽ പാർക്ക്,, മറയൂർ ചന്ദന മരക്കാടും മുനിയറകളും,, മറയൂർ ശർക്കര നിർമാണ യൂണിറ്റും ദീർഘദൂര യാത്രയുടെ ആലസ്യമെല്ലാം അകറ്റി നിർത്തി..... തമിഴ് വംശജരുടെ താവളമായ
കാന്തളൂർ,, അവിടുത്തെ കൃഷിസ്ഥല സന്ദർശനം എല്ലാം സായം സന്ധ്യയിലും മനസുനിറച്ചു. മൂന്നാറിൻ്റെ മടിത്തട്ടിൽ പിറന്നു വളർന്ന ,, ഇടവഴിയും പുതുവഴിയുമെല്ലാം കൈ വെള്ളയിൽ ആലേഖനം ചെയ്ത,, മൂന്നാറിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും, സംസ്കാരവും ഹൃദയത്തിലാവാഹിച്ച അബിൻ്റെ വിവരണങ്ങൾ ഞങ്ങളെ പലപ്പോഴും അദ്ഭുതപ്പെടുത്തി.....
അതിരാവിലെയുള്ള കുന്തള ഡാം യാത്ര,, മൂന്നാർ ടോപ്പ് സ്റ്റേഷൻ,, വട്ടവട ,, മാട്ടുപ്പെട്ടി ഡാം,, ഗ്യാപ് റോഡ്,, അധികം സന്ദർശകരും എത്തിച്ചേരാത്ത തേയിലത്തോട്ടങ്ങൾ പച്ചവിരിച്ച മലനിരകളുടെ അഭൗമ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കേവലം രണ്ട് ദിനങ്ങൾ കൊണ്ട് കഴിഞ്ഞതിൽ അബിൻ്റെ ആത്മാർഥമായ അകലങ്ങളില്ലാത്ത ,, അക്ഷീണമായ സപ്പോർട്ട് വാക്കുകൾക്കതീതമാണ്,, നന്ദി പറഞ്ഞ് നശിപ്പിക്കുന്നില്ല നന്മകൾ ഒന്നും .......
ഒരു ഊർജ തന്ത്ര അധ്യാപകൻ്റെ അന്വേഷണ ത്വരയ്ക്ക് ഊർജമായും,, ഒരു സസ്യശാസ്ത്രാധ്യാപികയുടെ മനസിൽ ജൈവ വൈവിധ്യത്തിൻ്റെ കലവറ അനാവരണം ചെയ്തും,,, കുരുന്നു മനസിൽ കാടും മേടും പുഴയും കുന്നും തീർത്ത കുളിരും പകർന്ന ഒരു യാത്ര......
സന്തോഷകരമായ മുഹൂർത്തങ്ങൾ നിറഞ്ഞ ,,മനസിൻ്റെ ആഴങ്ങളിൽ മയിൽപ്പീലിത്തുണ്ടു പോലെ മിഴിവുറ്റ ഓർമകളായി മാറിയ മൂന്നാർ ദിനങ്ങൾ ,,,2024 ലെ വിഷുക്കണിയായ്........ദീപ്തമായ്,,, എന്നും ......❤️
Comments
Post a Comment